
തിരുവനന്തപുരം: രാജ്യാന്തര ബഹിരാകാശ നിലയമായ ഐഎസ്എസ് ആകാശത്ത് കടന്നുപോകുന്നത് കണ്ടിട്ടുള്ളവർക്ക് ഇന്ന് മറ്റൊരു കൗതുകക്കാഴ്ചയ്ക്ക് അവസരം. ചൈനയുടെ സ്വന്തം ബഹിരാകാശ നിലയമായ ടിയാങ്ഗോങ് ഇന്ന് വൈകിട്ട് കേരളത്തിന്റെ ആകാശത്ത് ദൃശ്യമാകും. വൈകിട്ട് 7.26 മുതൽ ഏകദേശം നാല് മിനിറ്റോളം നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ നിലയം കാണാനാകുമെന്നാണ് വിവരം.
വൈകിട്ട് 7.26ന് കേരളത്തിന്റെ വടക്കുപടിഞ്ഞാറ്, അറബിക്കടലിന് മുകളിലായാണ് ടിയാങ്ഗോങ് ദൃശ്യമാകുക. തുടർന്ന് വടക്കൻ മലബാർ മേഖല കടന്ന് കേരളത്തിന് മുകളിലൂടെ തെക്കോട്ട് സഞ്ചരിക്കും. 7.30ഓടെ തെക്കൻ തമിഴ്നാട് പിന്നിട്ട് 7.31ന് ശ്രീലങ്കയ്ക്ക് മുകളിലേക്ക് നീങ്ങുന്നതോടെ കേരളത്തിൽ നിന്ന് കാഴ്ചയിൽ നിന്ന് മറയും.
കാലാവസ്ഥ അനുകൂലമായാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ അപൂർവ കാഴ്ച ആസ്വദിക്കാനാകും. പ്രത്യേകിച്ച് 7.26ന് ശേഷമുള്ള ഏതാനും മിനിറ്റുകളാണ് കേരളത്തിലുടനീളമുള്ളവർക്ക് നിലയം ഏറ്റവും വ്യക്തമായി കാണാൻ സാധ്യതയുള്ള സമയം.
ആകാശത്ത് ഒരു നക്ഷത്രം പോലെ തിളങ്ങിക്കൊണ്ടായിരിക്കും ടിയാങ്ഗോങിന്റെ സഞ്ചാരം. മറ്റ് ആകാശവസ്തുക്കളിൽ നിന്ന് തിരിച്ചറിയാൻ അതിന്റെ തിളക്കം സഹായിക്കും. ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിലാണ് സഞ്ചരിക്കുന്നത്. മണിക്കൂറിൽ ആയിരക്കണക്കിന് കിലോമീറ്റർ വേഗത്തിൽ ഭൂമിയെ ചുറ്റുന്ന നിലയത്തിൽ നിലവിൽ മൂന്ന് ചൈനീസ് ബഹിരാകാശ യാത്രികർ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിവരുന്നു.
T ആകൃതിയിലുള്ള ടിയാങ്ഗോങ് കാഴ്ചയിൽ തുമ്പിയെപ്പോലെ തോന്നും. ഐഎസ്എസിനോട് സമാനമായ വേഗത്തിലാണ് ഇതും ഭൂമിയെ ചുറ്റുന്നത്. ആകാശത്ത് സൂര്യനും ചന്ദ്രനും ഐഎസ്എസും കഴിഞ്ഞാൽ ശ്രദ്ധേയമായ തിളക്കത്തോടെ കാണാൻ കഴിയുന്ന മനുഷ്യനിർമിത ബഹിരാകാശ വസ്തുക്കളിലൊന്നാണ് ടിയാങ്ഗോങ്.
നിലവിൽ ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്ന പ്രധാന ബഹിരാകാശ നിലയങ്ങൾ രാജ്യാന്തര ബഹിരാകാശ നിലയവും (ISS) ചൈനയുടെ ടിയാങ്ഗോങുമാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഐഎസ്എസ് പദ്ധതിയിൽ ചൈനയ്ക്ക് പങ്കാളിത്തമില്ലാത്ത സാഹചര്യത്തിലാണ് ചൈന സ്വന്തമായി ബഹിരാകാശ നിലയം വികസിപ്പിച്ചത്. ചൈനീസ് ഭാഷയിൽ ‘ടിയാങ്ഗോങ്’ എന്ന വാക്കിന് ‘ബഹിരാകാശ കൊട്ടാരം’ എന്നാണ് അർഥം.
ഇന്ന് വൈകിട്ട് ആകാശനിരീക്ഷണം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വിശാലമായ മൈതാനങ്ങൾ, പാടശേഖരങ്ങൾ തുടങ്ങിയ തുറന്ന ഇടങ്ങൾ കൂടുതൽ സൗകര്യപ്രദമായിരിക്കും. കെട്ടിടങ്ങളുടെ മുകളിൽ നിന്നോ ടെറസിൽ നിന്നോ നിരീക്ഷിക്കുന്നവർ രാത്രിയായതിനാൽ സുരക്ഷയ്ക്ക് പ്രത്യേകം ശ്രദ്ധ നൽകണം. മഴയും കനത്ത മേഘാവൃതമായ ആകാശവും കാഴ്ചയ്ക്ക് തടസ്സമാകാനും സാധ്യതയുണ്ട്.










